About Me

एकता परिषद भू अधिकार के लिए राष्ट्रीय स्तर पर अहिंसात्मक जन आंदोलन है. लोगों की आवाज सुनी जाए इसके लिए एक बड़े पैमाने की राष्ट्री अभियान की नींव रखी गयी थी, जिसे जनादेश 2007 कहा गया, जिसके माध्यम से 25 हजार लोगों ने राष्ट्रीय राजधानी तक पहुंच कर अपनी आवाज बुलंद की.

Monday 19 September 2011

കേന്ദ്രത്തിനെതിരെ 'ജനസത്യാഗ്രഹ' പദയാത്ര തുടങ്ങുന്നു

ന്യൂഡല്‍ഹി: അദ്വാനിയുടെയും അണ്ണ ഹസാരെയുടെയും പ്രക്ഷോഭയാത്രകള്‍ക്കു മുന്‍പേ കേന്ദ്രസര്‍ക്കാറിനെതിരെ ഒരു ഗാന്ധിയന്‍ സമരം തുടങ്ങുന്നു. ഭൂരഹിതര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഏകതാ പരിഷത്തിന്റെ ദേശീയ പ്രസിഡന്‍റും മലയാളിയുമായ പി.വി. രാജഗോപാലിന്റെ നേതൃത്വത്തിലാണ് ഗാന്ധിജയന്തി ദിനത്തില്‍ പ്രക്ഷോഭം തുടങ്ങുന്നത്.
കന്യാകുമാരിയിലെ വിവേകാനന്ദാശ്രമത്തില്‍ തുടങ്ങുന്ന പദയാത്ര കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ സഞ്ചരിച്ച് അടുത്ത വര്‍ഷം ഗാന്ധിജയന്തി ദിനത്തില്‍ ഗ്വാളിയോറിലെത്തും. തുടര്‍ന്ന് ദളിതരും ആദിവാസികളുമടക്കം ഭൂരഹിതരായ ഒരു ലക്ഷം പേരടങ്ങുന്ന സമരക്കാര്‍ പാര്‍ലമെന്‍റിലേക്ക് പദയാത്ര നടത്തും.
രാജ്യത്തെ ഭൂരഹിതരുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ സമഗ്രമായ ഭൂപരിഷ്‌കരണനയം രൂപവല്‍ക്കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് 'ജനസത്യാഗ്രഹം' എന്ന പദയാത്രയെന്ന് ഗാന്ധി പീസ് ഫൗണ്ടേഷന്‍ മുന്‍ ഉപാധ്യക്ഷന്‍കൂടിയായ രാജഗോപാല്‍ പറഞ്ഞു. ''രാജ്യത്ത് എട്ട് കോടിയിലേറെ ആദിവാസികളുണ്ട്. ദളിതരും പിന്നാക്കവിഭാഗങ്ങളുമടക്കം 40 ശതമാനത്തോളം പേര്‍ക്ക് സ്വന്തമായി ഒരു തുണ്ടു ഭൂമിയില്ല. സമ്പന്നര്‍ക്ക് അനുകൂലമായാണ് സര്‍ക്കാറിന്റെ നയം. കൃഷിഭൂമി വന്‍വ്യവസായങ്ങള്‍ക്കായി ഒരു മടിയുമില്ലാതെ പതിച്ചുനല്‍കുന്നു. എന്നാല്‍ മണ്ണില്‍ അധ്വാനിച്ചുജീവിക്കുന്ന സാധാരണക്കാര്‍ക്ക് ഒരു തുണ്ടു ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. 2007-ല്‍ ഏകതാ പരിഷത്ത് നടത്തിയ കാല്‍ലക്ഷം പേരുടെ പദയാത്രയ്‌ക്കൊടുവില്‍ ദേശീയ ഭൂപരിഷ്‌കരണ കൗണ്‍സില്‍ രൂപവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായി. പ്രധാനമന്ത്രി അധ്യക്ഷനായുള്ളതാണ് ഈ കൗണ്‍സില്‍. എന്നാല്‍ ഇതുവരെയും ആ സമിതി വിളിച്ചുചേര്‍ത്തിട്ടില്ല. കൗണ്‍സില്‍ അംഗമായ താന്‍ പത്ത് തവണയെങ്കിലും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ഇക്കാര്യത്തില്‍ കത്തയച്ചെങ്കിലും മറുപടിയുണ്ടായില്ലെന്ന് രാജഗോപാല്‍ പറഞ്ഞു.
''ഭൂമി വില്‍ക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതാണ് ദേശീയ ഭൂമിയേറ്റെടുക്കല്‍ ബില്‍. ഭൂപരിഷ്‌കരണനയം നടപ്പാക്കുമെന്നുള്ള സര്‍ക്കാര്‍ വാഗ്ദാനം പാലിക്കപ്പെട്ടില്ല. ദേശീയ ഭൂപരിഷ്‌കരണ സമിതി മുന്നൂറിലേറെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചെങ്കിലും സര്‍ക്കാര്‍ നടപടിയെടുത്തില്ല. അഞ്ച് കമ്മീഷന്‍ റിപ്പോര്‍ട്ടുകളുണ്ടായിട്ടും ഭൂമിപ്രശ്‌നത്തില്‍ സര്‍ക്കാര്‍ അനങ്ങിയില്ല''- അദ്ദേഹം ആരോപിച്ചു.
രാജ്യത്തെമ്പാടും ഭൂമി പ്രശ്‌നത്തില്‍ നടക്കുന്ന സമരങ്ങളെയെല്ലാം ജനസത്യാഗ്രഹത്തിലൂടെ കോര്‍ത്തിണക്കും. വിവിധ സംസ്ഥാനങ്ങളിലെ ഭൂമിപ്രശ്‌നങ്ങളും തര്‍ക്കങ്ങളും കൈകാര്യം ചെയ്യാന്‍ ദേശീയതലത്തില്‍ ഭൂമി കമ്മിഷനും ഭൂമി ട്രൈബ്യൂണലും രൂപത്കരിക്കണം. അടിസ്ഥാനവിഭാഗങ്ങളെ സംഘടിപ്പിച്ചുള്ള പദയാത്രയ്ക്കു പുറമെ സര്‍ക്കാറുമായുള്ള ചര്‍ച്ചകള്‍ക്കായി വിദഗ്ധരെയും സാമൂഹികപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ജനകീയ കമ്മിഷന്‍ രൂപവത്കരിക്കുമെന്നും രാജഗോപാല്‍ പറഞ്ഞു. ഏകതാ പരിഷത്ത് ദേശീയ കോ- ഓര്‍ഡിനേറ്റര്‍ അനീഷ് തില്ലങ്കേരിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

http://www.mathrubhumi.com/story.php?id=216092

No comments:

Post a Comment